കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ റിസീവറുകളാണ് SDR. ഇത്തരം റേഡിയോകളില്‍ ഒരു പേഴ്സണല്‍ കമ്പ്യൂട്ടറോ എംബെഡഡ്ഡ് കമ്പ്യൂട്ടര്‍ സംവിധാനമോ ഉണ്ടാകും. ഇവിടെ റേഡിയോ ട്യൂണ്‍ ചെയ്യുന്നത് ഒരു സോഫ്റ്റ് വെയര്‍ സംവിധാനമാണ്.
ചരിത്രം 1970ല്‍ അമേരിക്കന്‍ ഡിഫന്‍സ് ലബോറട്ടറിയില്‍ സോഫ്റ്റ് വെയര്‍ - ഹാര്‍ഡ് വെയര്‍ ഉപയോഗിച്ച് (Midas)അനാലിസിസ് ചെയ്തിരുന്നു. അതിനവര്‍ നല്‍കിയ പേരാണ് ഡിജിറ്റല്‍ റിസീവര്‍. പിന്നീട് 1984ല്‍ ടെക്സാസില്‍ E-Systems Inc. അവരുടെ ന്യൂസ് ലെറ്ററില്‍ ബ്രോഡ്ബാന്‍ഡ് സിഗ്നലുകളിലെ ഇന്‍റര്‍ഫെറന്‍സ് സിഗ്നലുകളെ വേര്‍തിരിക്കുന്ന ഒരു ഡിജിറ്റല്‍ ബേസ്ബാന്‍ഡ് റിസീവറിനെക്കുറിച്ച് എഴുതി. ഇത് സാധിക്കുന്നത് ഒരു Software Radio Proof-of-Concept വച്ചായിരുന്നു. 1991ല്‍ Joe Mitola ജി.എസ്.എം ടെക്നോളജിയും E-Systemsന്‍റെ സങ്കല്‍പവും കൂട്ടിച്ചേര്‍ത്ത് ഒരു യഥാര്‍ത്ഥ സോഫ്റ്റ വെയര്‍ ബേസ്ഡ് ട്രാന്‍സീവര്‍ എന്ന ആശയം മുന്നോട്ടു വച്ചു. അദ്ദേഹം അത് യു.എസ് എയര്‍ ഫോഴ്സിനു വില്‍ക്കുകയും അതുപ്രകാരം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കമ്യൂണിക്കേഷന്‍സ് ജാമറുകള്‍ രൂപം കൊള്ളുകയും ചെയ്തു. 1992 ല്‍ "Software Radio: Survey, Critical Analysis and Future Directions" എന്ന പേപ്പര്‍ IEEE പ്രസിദ്ധീകരിച്ചു. "software defined radio" എന്ന പദം 1995ല്‍ Stephen Blust അമേരിക്കയിലെ ഒരു വയര്‍ലസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ആദ്യകാലങ്ങളില്‍ മിലിറ്ററി-ഗവണ്‍മന്‍റ് സംവിധാനങ്ങളാണ് ഇത്തരം സങ്കല്‍പങ്ങളിലടിസ്ഥിതമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. DSP (digital signal processing) സാങ്കേതിക വിദ്യ റേഡിയോ ഹാര്‍ഡ് വെയറുകളുടെ സോഫ്റ്റ് വെയര്‍ വശമായി പ്രവര്‍ത്തിക്കുന്നു. ഇന്ന് പ്രവര്‍ത്തിക്കുന്നവ വിവിധ തരം ഡിജിറ്റല്‍ സിഗ്നലുകളെ പ്രോസസ്സ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ റേഡിയോകളാണ്. മോഴ്സ് കോഡ്, സിംഗിള്‍ സൈഡ്-ബാന്‍ഡ് മോഡുലേഷന്‍, ഫ്രീക്വന്‍സി മോഡുലഷന്‍, ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍, റേഡിയോടെലിടൈപ്പ്, സ്ലോ-സ്കാന്‍ ടെലിവിഷന്‍, പാക്കറ്റ് റേഡിയോ, ഡിജിറ്റല്‍ റേഡിയോ മോണ്ടിയാല്‍ ഇവയിലെല്ലാം ഇന്ന് സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
എങ്ങനെ SDR ഉപയോഗിക്കാം?
ഏതൊരു സാങ്കേതിക വിദ്യയും വിജയിക്കുന്നത്, അത് താഴേത്തട്ടിലും ചെലവു കുറഞ്ഞ രൂപത്തിലും ലഭ്യമാകുമ്പോഴാണ്. അമച്വര്‍ റേഡിയോയില്‍ ഹോബിയിസ്റ്റുകളാണ് ആദ്യമായി ഇത്തരം റേഡിയോകളെ ജനപ്രിയമാക്കിയതെന്നു പറയാം. 500 രൂപയ്ക്ക് മുകളില്‍ അമ്പതിനായിരവും അതിനുമുകളിലുമുള്ള സോഫ്റ്റ് വെയര്‍ റേഡിയോ റിസീവറുകളുണ്ട്. ഇതൊന്നുമില്ലെങ്കിലും മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ട്യൂണ്‍ ചെയ്യാവുന്ന WebSDRകളുമുണ്ട്. അതിന് ഏക ചിലവ് ഇന്‍റര്‍നെറ്റ് ഡാറ്റ മാത്രം. (WebSDR നെക്കുറിച്ച് താഴെ വിശദമായി എഴുതിയിട്ടുണ്ട്.)
1. ഹാര്‍ഡ് വെയര്‍ റിസീവര്‍
Perseus, AirSpy, HackRF, FUNcube, Elektor SDR, SDRplay, LimeSDR തുടങ്ങിയവ അത്തരം റിസീവറുകളാണ്. പലതിനും 20000നു മുകളില്‍ വിലയുമുണ്ട്.
0.5 – 1766 MHz വരെ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന Realtek RTL2832U എന്ന ഡിജിറ്റല്‍ ടെലിവിഷന്‍ ട്യൂണര്‍ (DVB-T tuner) ഉപയോഗിച്ച് ഒരു SDR ചെലവ് കുറച്ച് നിര്‍മ്മിക്കാനാകും.
2. പേഴ്സണല്‍ കമ്പ്യൂട്ടര്‍ / ലാപ്ടോപ്പ് / മൊബൈല്‍ ഹാര്‍ഡ് വെയര്‍ റിസീവര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് റേഡിയോ കേള്‍ക്കുന്നത്. സാധാരണ USB, SoundCards വഴിയാണ് ഇത്തരം റിസീവറുകള്‍ കണക്ട് ചെയ്യുക.
3. സോഫ്റ്റ് വെയര്‍
ഒരു സോഫ്റ്റ് വെയറാണ് റേഡിയോ സിഗ്നലുകളെ ട്യൂണ്‍ ചെയ്ത് ഓഡിയോ, ഡാറ്റ ആക്കി മാറ്റുന്നത്. ഇവയെല്ലാം അത്തരത്തിലുള്ള വിവിധ സോഫ്റ്റ് വെയറുകളാണ്.
SDR# (Windows) (Free)
HDSDR (Windows) (Free)
SDR-RADIO.COM V2/V3 (Windows) (Free)
Linrad (Windows/Linux/Mac) (Free)
GQRX (Mac/Linux) (Free)
CubicSDR (Linux/Windows/Mac) (Free)
Studio1 (Windows) (Paid)
SDRUno (Windows) (Free)
ShinySDR (GNU Radio) (Free)
WebRadio (Linux) (Free)
OpenWebRX (Python Based) (Free)
Sodira (Windows) (Trial/Paid)
SDR Touch (Android) (Trial/Paid)
Wavesink Plus (Android) (Trial/Paid)
RFAnalyzer (Android) (Free/Paid)
cuSDR (Windows) (Free)
PowerSDR (Windows) (Free)
QtRadio (Windows/Linux) (Free)
Multimode (GNU Radio) (Free)
Sdrangelove (Linux) (Free)
Kukuruku (Browser Based) (Free)
Natpos (Linux) (Free)
QuestaSDR (Windows) (Free)
QIRX SDR (Windows) (Free)
Zeus Radio (Windows/Linux)(Paid)
SeeDeR (Windows) (Free)
RTL-SDR Radio Receiver (Chrome)(Free)
ഓരോ തരം റിസീവറുകളും കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത് വ്യത്യസ്ത രൂപത്തിലായതിനാല്‍ അവയെല്ലാം ഇവിടെ വിശദീകരിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ RTL-SDR ഉപയോഗിച്ചുള്ള SDR വിശദമാക്കാം.
പേരുപോലെത്തന്നെ ഓണ്‍ലൈനായിട്ടുള്ള SDR റിസീവര്‍ ആണിത്. ഇത് ട്യൂണ്‍ ചെയ്യാന്‍ ചുമ്മാ അതിന്‍റെ വെബ്സൈറ്റ് കമ്പ്യൂട്ടര്‍/മൊബൈല്‍ ബ്രൗസറില്‍ തുറക്കുകയേ വേണ്ടൂ. ലോകത്തിന്‍റെ പല കോണിലുള്ള WebSDR നമുക്കിവിടെ തുറക്കാം, ഇഷ്ടമുള്ള ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്യാം. ഏതാണോ ഈ WebSDR സജ്ജീകരിച്ചിട്ടുള്ള സ്ഥലം, രാജ്യം അവിടുത്തെ റേഡിയോകള്‍ നമുക്കിവിടെ കേള്‍ക്കാം. ഉദാഹരണത്തിന് ഖത്തറിലെ WebSDR തുറന്നാല്‍ ഗള്‍ഫ് നാട്ടിലെ മീഡിയം വേവ് സ്റ്റേഷനുകള്‍ ഇന്ത്യയില്‍ നിന്നുള്ള ഷോര്‍ട്ട് വേവ് സ്റ്റേഷനുകള്‍ ആ നാട്ടിലേതു പോലെ ഇവിടേയും കേള്‍ക്കാം.
ചരിത്രം
നെതര്‍ലാന്‍റ്സിലെ Dwingeloo Radio Observatory for Radio Astronomy ക്ക് വേണ്ടിയാണ് ആദ്യമായി ഇന്‍റര്‍നെറ്റിലൂടെ SDR ആരംഭിച്ചത്. ഭൂമി-ചന്ദ്രന്‍-ഭൂമി (EME communication) പ്രക്ഷേപണം ലോകത്തെവിടേയുമുള്ള അമച്വര്‍ റേഡിയോ ഹോബിയിസ്റ്റുകള്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. 2007 ഡിസംബറില്‍ നെതര്‍ലാന്‍റ്സിലെ University of Twenteയിലെ റേഡിയോ ക്ലബ്ബില്‍ ഇതിനായി ഒരു WebSDR സ്ഥാപിച്ചു. 2008 ഏപ്രിലിലാണിത് എല്ലാവര്‍ക്കുമായി ലഭ്യമാക്കിയത്. തുടര്‍ന്ന് ഈ ആശയം പിന്തുടര്‍ന്ന് ലോകത്തെമ്പാടും നിരവധി WebSDRകള്‍ സ്ഥാപിതമായി. ഭൂരിഭാഗവും ഹാം റേഡിയോ ഓപ്പറേറനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ഇത്തരം WebSDR പ്രവര്‍ത്തിക്കുന്നുണ്ട്.
2016അവസാനത്തോടെ രംഗത്തു വന്ന KiwiSDR പുത്തന്‍ WebSDRന് തുടക്കമിട്ടു. സ്വതന്ത്ര സോഫ്റ്റ് വെയറും സ്വതന്ത്ര ഹാര്‍ഡ് വെയറുമാണ് KiwiSDR മുന്നോട്ടു വയ്ക്കുന്നത്. 300USDന് താഴെ വില വരുന്ന ഈ റിസീവര്‍ 0 - 30 MHz പൂര്‍ണ്ണമായും ലഭ്യമാക്കുന്നു. മാത്രമല്ല, DRM പോലുള്ളവ സപ്പോര്‍ട്ടും ചെയ്യുന്നു. ട്യൂണ്‍ ചെയ്യുന്നതിനും വളരെ എളുപ്പവുമാണ്. KiwiSDRന്‍റെ വരവോടു കൂടി ലോകത്തെ മുഴുവന്‍ ലോങ് വേവ് (LW), മീഡിയം വേവ് (MW), ഷോര്‍ട്ട് വേവ് (SW) സ്റ്റേഷനുകളും WebSDRന്‍റെ പരിധിയില്‍ വന്നുകഴിഞ്ഞു.
KiwiSDR ഉപയോഗിച്ച് ആകാശവാണിയുടേതുള്‍പ്പടെയുള്ള Digital Radio Mondiale (DRM) സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്ത് DRM ഡീകോഡ് ചെയ്യുന്നതെങ്ങനെയെന്ന് അടുത്ത ലേഖനത്തില്‍.